Sunday, March 9, 2008

ദൈവം സത്യമാണോ മിഥ്യ ആണോ? ആ.....

ദൈവം ഉണ്ടോ, ഇല്ലയോ എന്നത് ഇന്നും എന്നും തെളിയിക്കപ്പെടാത്ത ഒരു കാര്യം ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. യുക്തിപരമായി ചിന്തിച്ചാല്‍ വിശ്വാസികളുടെ ദൈവം ഒരു മിഥ്യ ആണെന്ന് ആര്‍ക്കും മനസ്സിലാകും. പക്ഷേ അത് ഒരു വിശ്വാസിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തം തന്നെയാണ്. പുസ്തകങ്ങളീല്‍ വായിച്ചറിഞ്ഞ് ഉപബോധമനസ്സില്‍ പോലും ആ വിശ്വാസം ഉറഞ്ഞു പോയവരാണ് പലരും. പിന്നെ സൂരജ് പറഞ്ഞ പാര്‍ശ്വദളങ്ങളുടെ പ്രവര്‍ത്തനം കൂടിയാകുമ്പോള്‍ ഇവരെ തിരുത്തുക അസാധ്യം.

പരിണാമസിദ്ധാന്തത്തെ എതിര്‍ക്കാന്‍ ബാലിശമായ പല ചോദ്യങ്ങളും വിശ്വാസികള്‍ ചൊദിക്കുന്ന പോലെ തന്നെ അവിശ്വാസികളും പിന്നെ ചിന്തിക്കുന്നവരും പല ചോദ്യങ്ങളും വിശ്വാസികളോടും ചോദിക്കാറുണ്ട്. പക്ഷേ അപ്പോഴൊക്കെ ഒരു ഒഴിഞ്ഞുമാറല്‍ നമുക്ക് കാണാം. അത് നളന്‍ പറഞ്ഞപോലെ കുറച്ച് പദങ്ങള്‍ കൊണ്ട് ഹൈന്ദവരും, തങ്ങളൂടെ പുസ്തകത്തെ കവിഞ്ഞ് ഒന്നും വിശ്വസിക്കാനാവില്ല എന്ന് മറ്റ് മതക്കാരും പറയുന്നു എന്ന് മാത്രം.

ഒരു പോസ്റ്റില്‍ ബാലിശമെങ്കിലും ഒരു ചോദ്യം ഞാന്‍ ചോദിച്ചിരുന്നു, മനുഷ്യനെ മണ്ണു കൊണ്ട് തീര്‍ത്ത ദൈവം , മനുഷ്യനെ ആണോ ആദ്യം സൃഷ്ടിച്ചത് , അതോ മറ്റു വല്ല ജീവികളെ ആണോ എന്ന് . അതിനു എനിക്കു കിട്ടിയ മറുപടി, മനുഷ്യനെ ആദ്യം സൃഷ്ടിച്ച ദൈവം അവരെ സ്വര്‍ഗത്തില്‍ സൂക്ഷിക്കുകയും, പിന്നീടെപ്പോഴോ ഭൂമിയിലേക്ക് വിട്ടു എന്നുമാണ്.

അതിനിടയില്‍ എപ്പോഴോ ദൈവം മറ്റു ജീവജാലങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ചിരിക്കാം. ഇങ്ങനെ ഒരു ഉത്തരം എനിക്കു കിട്ടാന്‍ കാരണം മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാകുന്നതിന് വളരെ മുമ്പ് തന്നെ മറ്റു ജീവികള്‍ ഇവിടെ അധിവസിച്ചിരുന്നു എന്ന് ഇന്ന് വിശ്വാസികള്‍ക്ക് അറിയാം. ദൈവത്താല്‍ പറഞ്ഞു കൊടുക്കപ്പെട്ടത് എന്ന് പറയുന്ന എല്ലാ മതഗ്രന്ഥങ്ങളിലും എന്തേ മനുഷ്യര്‍ക്ക് മുമ്പേ ഭൂമി "അടക്കി വാണിരുന്ന" ദിനോസോറുകളെ പറ്റി പറഞ്ഞില്ല?

അപ്പോള്‍ പറഞ്ഞു വന്നത് ഒരു മത ഗ്രന്ഥങ്ങളിലും കാണുന്ന ദൈവം അല്ല ദൈവം എന്ന് ആദ്യം അങ്ങോട്ട് വിശ്വസിക്കുക. അതൊക്കെ അതാത് കാലത്തുള്ള മനുഷ്യരുടെ ഭാവനാസൃഷ്ടികള്‍ ആണെന്ന് മനസ്സിലാക്കുക. എന്നിട്ട് ചിന്തിക്കുക. അപ്പോഴേ സത്യത്തില്‍ എന്താണ് ചിന്തിക്കേണ്ടതെന്ന് മന്‍സ്സിലാകൂ. അങ്ങനെ ചിന്തിക്കുമ്പോള്‍ കിട്ടുന്ന ഉത്തരത്തില്‍ "മനുഷ്യര്‍ക്ക് മാത്രമായി ഒരു ദൈവം കാണും എന്നും, ആ ദൈവം സ്വര്‍ഗവും നരകവും ഉണ്ടാക്കി മനുഷ്യന്റെ ആയുസ്സ് തീരാന്‍ കാത്തിരിക്കുന്ന ഒരാളാണ് എന്നും, തന്നില്‍ മാത്രം വിശ്വസിക്കുന്നവെരെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ദൈവം എന്നും" ഒക്കെ കാണുന്നു എങ്കില്‍ ആ ദൈവത്തില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാം. അങ്ങനെ കാണുന്നില്ല എങ്കില്‍ നിങ്ങളുടെ ചിന്ത ദൈവത്തെ പറ്റി പറഞ്ഞിട്ടുള്ള കൂടുതല്‍ കാര്യങ്ങളിലേക്ക് തിരിക്കുക. ഉത്തരങ്ങള്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുക. അതല്ലാതെ എന്റെ ഗ്രന്ഥം പറയുന്നതാണ് സത്യം എന്ന ചിന്ത ഉപേക്ഷിക്കുക. (അത് ഏത് ഗ്രന്ഥവുമാകട്ടെ)

8 comments:

മൃദുല്‍രാജ് said...

ദൈവം ഉണ്ടോ, ഇല്ലയോ എന്നത് ഇന്നും എന്നും തെളിയിക്കപ്പെടാത്ത ഒരു കാര്യം ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. യുക്തിപരമായി ചിന്തിച്ചാല്‍ വിശ്വാസികളുടെ ദൈവം ഒരു മിഥ്യ ആണെന്ന് ആര്‍ക്കും മനസ്സിലാകും. പക്ഷേ അത് ഒരു വിശ്വാസിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തം തന്നെയാണ്. പുസ്തകങ്ങളീല്‍ വായിച്ചറിഞ്ഞ് ഉപബോധമനസ്സില്‍ പോലും ആ വിശ്വാസം ഉറഞ്ഞു പോയവരാണ്

N.J Joju said...

ഇങ്ങനെ ഒരു തര്‍ക്കത്തില്‍ കാര്യമില്ല. വിശ്വാസി ദൈവമില്ല എന്നും അവിശ്വാസി ദൈവമുണ്ടെന്നും വിശ്വസിയ്ക്കാന്‍ പോകുന്നില്ല, യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍.

അതേ സമയം മൃദുലന്‍ ഈ പോസ്റ്റില്‍ പറയുന്ന ന്യായങ്ങള്‍ ദൈവശാസ്ത്രചിന്തകള്‍ക്ക് വിരുദ്ധവുമല്ല.
വളരെ സങ്കുചിതമായ കാഴ്ചപ്പാടുള്ളവര്‍ എല്ലാമതങ്ങളിലും ഉണ്ട് എന്നത് ശരിതന്നെ.

A Cunning Linguist said...

സത്യമായ കാര്യം തന്നെയാണ് മൃദുലന്‍ പറഞ്ഞിരിക്കുന്നത്. ഞാനും പണ്ട് സമാന വിഷയത്തില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ദൈവം എന്ന് ’പറയുന്നതിനെ’ പുസ്തകത്തില്‍ തളച്ചിടുവാന്‍ പറ്റുമോ?

കടവന്‍ said...

താങ്കള്‍ പറഞ്ഞതൊക്കെ ശരിയാണ്..പക്ഷെ മതം മനുഷ്യനെ മയക്കിക്കിടത്തിയിരിക്കുന്നു..മറുത്തൊന്നു ചിന്തിക്കാന്‍ പലകാരണങ്ങളാലും മനുഷ്യന്‍ മെനക്കെടാറില്ല . അതെ സമയം മറ്റു മതങ്ങളിലെ കുറ്റം കാണാന്‍ കഴിയുന്നുമുണ്ട്..!!. പിന്നെ ചിന്തിക്കുന്ന പലരും എന്തിനാ വേലിയിലിരിക്കുന്നതിനെ തോളീല്‍ വെക്കുന്നത് എന്ന കാരണത്താല്- കാണാത്ത രീതിയില്‍ പോവുന്നു.(സാമൂഹികമായ ബുദ്ധിമുട്ടുകള്‍ വരാറ്റിരിക്കാന്‍) സോപ്പിന്റെ പരസ്യമ്- മാതിരി ഈ മതത്തില്‍ വരൂ സ്വര്ഗമ്- നിങ്ങള്ക്കുറപ്പാണ്‍ എന്നാണ്‍ മതങ്ങള്‍ പറയുന്നത്, എന്നാല്‍ സമൂഹത്തോട് നല്ല രീതിയില്‍ വര്‍ത്തിക്കാന്‍ "മത"വിശ്വാസികള്‍ക്ക് കഴിയാറില്ല, മതശാസനകള്‍ വളരെ ഫ്ളെക്സിബള്‍ ആണെന്ന്‌ തോന്നുന്നു, ഓരോരുത്തരും( ഓരോ മതത്തിലുമുള്ള) അവരവരുടെ രീതിയനുസരിച്ച് അതിന്‌ വ്യാഖ്യാനം കൊടുക്കുന്നത് കാണാം. ഉദാ: പള്ളിയില്‍ പോകുകയുമ്- തീവ്രമതനിലപാടെടുക്കുകയും(വര്‍ഗീയമായിചിന്തിക്കുകയും)്‌ എന്നാല്‍ കള്ളുകുടി, പെണ്ണ്‌പിടി തുടങ്ങി എല്ലാതെണ്ടിത്തരങ്ങളും രഹസ്യമായി ചെയ്യുകയും ചെയ്യുന്ന എത്രയോ മുസ്ലിങ്ങളെ എനിക്ക് നേരിട്ടറിയാം.

പ്രിയ said...

ഇതില് ഇപ്പോള് ചോദ്യം "ദൈവം ഉണ്ടോ ഇല്ലയോ" എന്നല്ലല്ലോ മറിച്ചു "മതം ദൈവത്തിനെ അറിയുന്നുണ്ടോ" എന്നായി പോയില്ലേ?

പ്രിയ said...

പിന്നെ ദൈവം (അതെന്തു രൂപത്തില് എന്ത് പേരില് എന്നറിയില്ല ) ഉണ്ട്. ഉണ്ടാവാതിരിക്കാന് ഒരു വഴിയും ഇല്ല. കാരണം ഈ വിശ്വം എങ്ങനെ ഉണ്ടായി. പൊട്ടിത്തെറിച്ചും പരിണമിച്ചും ഒക്കെ ഉണ്ടാവാനും തുടക്കത്തില് എന്തേലും എവിടെയെങ്ങിലും വേണമല്ലോ?

Suraj said...

പറയാനുള്ളതെല്ലാം നേരത്തേ പലേടത്തായി പറഞ്ഞുകഴിഞ്ഞതുകൊണ്ട്, ഒരു സ്മൈലി ഇടാം.
:)
നല്ല ചിന്തകള്‍, സുഖമുള്ള വായനാനുഭവം.

മൃദുല്‍രാജ് said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി..
ഇത് വെള്ളെഴുത്തിന്റെ പോസ്റ്റില്‍ ഇട്ട ഒരു കംമന്റ് തന്നെ ആയിരുന്നു.. എന്റെ ചിന്ത ആയി കിടക്കട്ടെ എന്നു കരുതി ഇട്ടതാണ്.